റിസോര്‍ട്ടില്‍ മുറി നല്‍കിയില്ല; തീപിടിച്ചെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച് യുവാവ്, ചീറിപ്പാഞ്ഞെത്തി അഗ്നിരക്ഷാ സേന

  • 04/11/2022

തിരുവനന്തപുരം: റിസോര്‍ട്ടിനു തീപിടിച്ചെന്ന് വ്യാജ സന്ദേശം നല്‍കി പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. വര്‍ക്കലയില്‍ ഒരു റിസോര്‍ട്ടിനു തീപിടിച്ചെന്ന് യുവാവ് അഗ്‌നിരക്ഷാനിലയത്തില്‍ വിളിച്ച് പറയുകയായിരുന്നു. 

വ്യാഴാഴ്ചയാണ് സംഭവം. രാവിലെ 5.30ന് വര്‍ക്കലയില്‍ റിസോര്‍ട്ടിനു തീപിടിച്ചുവെന്ന സന്ദേശം വര്‍ക്കല അഗ്‌നിരക്ഷാനിലയത്തിന് ലഭിച്ചു. വിവരം ലഭിച്ച ഉടന്‍ തന്നെ രണ്ട് ഫയര്‍ യൂണിറ്റ് വാഹനങ്ങളുമായി സംഭവസ്ഥലത്ത് എത്തി. എന്നാല്‍ ഇവിടെ എത്തിയപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് തിരിച്ചറിയുന്നത്. 

തെറ്റായ വിവരമറിയിച്ച യുവാവ് റിസോര്‍ട്ടിനു മുന്നിലുണ്ടായിരുന്നു. ഇയാളെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചു. റിസോര്‍ട്ടില്‍ മുറി നല്‍കാത്തതിനെ തുടര്‍ന്നാണ് തെറ്റായ സന്ദേശം നല്‍കിയതെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് അറിയിച്ചു.

Related News