സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ സിസ തോമസിനെതിരെ നടപടിക്ക് സാധ്യത

  • 05/11/2022

സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തിൽ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ തോമസ് ചുമതല ഏറ്റതെന്നാണ് സർക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നൽകിയത് ചട്ടവിരുദ്ധമാണ്. ഡോ സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സർക്കാരിന്റെ നിഗമനം. 

സർവീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തൽ. ഡോ സിസ തോമസിനോട് സർക്കാർ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സർക്കാർ അറിയിച്ചു. തീരുമാനം സാങ്കേതിക സർവകലാശാല അറിഞ്ഞില്ല. സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച രണ്ട് പേരുകൾ തള്ളിക്കൊണ്ടാണ് രാജ്ഭവൻ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നൽകിയത്. നിലവിൽ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല.

ചുമതലയേറ്റടുത്ത കാര്യം രാജ്ഭവനെ രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. തുടർന്ന് ഓഫിസ് വിട്ട വിസിയെ ഗോബാക്ക് വിളികളോടെയാണ് ഇടത് അനുകൂല സർവീസ് സംഘടനകൾ യാത്രയാക്കിയത്. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാൻസലർ ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്നും സിസ തോമസ് പറഞ്ഞു.

Related News