തിരുവാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം ചാർത്തി; കാസർകോട് നിന്ന് മുങ്ങിയ പൂജാരി തിരുവനന്തപുരത്ത് പിടിയില്‍

  • 05/11/2022

കാസർകോട്: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം ചാർത്തി മുങ്ങിയ പൂജാരിയെ മഞ്ചേശ്വരം പോലീസ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച തിരുവനന്തപുരം ചിന്നപ്പള്ളി സ്ട്രീറ്റിലെ എസ് ദീപക്കാണ് പിടിയിലായത്. 

ശ്രീകോവിലിൽ നിന്ന് അഞ്ചര പവൻ സ്വർണം കവർന്നതാണ് കേസ്. കഴിഞ്ഞ മാസം 27നാണ് ഇയാൾ പൂജാരിയായി ചുമതലയേറ്റത്.  29 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പരാതിക്കാര്‍ പറയുന്നു.

തുടര്‍ന്ന് അന്നേ ദിവസത്തെ പൂജാരിയുടെ നീക്കങ്ങളിലും സംസാരത്തിലും സംശയം തോന്നി വിഗ്രഹങ്ങളിലെ ആഭരണങ്ങൾ പരിശോധിക്കുകയായിരുന്നു. മുക്കുപണ്ടമാണെന്ന് അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ച മഞ്ചേശ്വരം പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ദീപകിനെ തിരുവനന്തപുരത്ത്നിന്ന് പിടികൂടിയത്.

 

Related News