അപകടത്തില്‍ പരിക്കേറ്റ് വനിതാ കോണ്‍സ്റ്റബിള്‍ റോഡില്‍ കിടന്നത് അര മണിക്കൂറിലേറെ

  • 05/11/2022

ആലപ്പുഴ: ആലപ്പുഴയില്‍ അപകടത്തില്‍ പരിക്കേറ്റ് വനിതാ കോണ്‍സ്റ്റബിള്‍ റോഡില്‍ കിടന്നത് അര മണിക്കൂറിലേറെ. ഇന്നലെ രാത്രി ആലപ്പുഴ ഇടക്കൊച്ചി പാലത്തിന് സമീപം ബൈക്കിടിച്ച് റോഡില്‍ വീണ രജനി എന്ന വനിതാ കോണ്‍സ്റ്റബിളിനാണ് ദുരനുഭവം ഉണ്ടായത്. 

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ സിവില്‍ പോലീസ് ഓഫീസറാണ് രജനി. പൂച്ചാക്കലിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഇടക്കൊച്ചി പാലത്തിന് സമീപം രജനിയെ ഇടിച്ചു വീഴുത്തി.  ബൈക്ക് നിര്‍ത്താതെ പോയി. റോഡില്‍ വീണ രജനിയെ നാട്ടുകാരാണ് ഓടിയെത്തി എഴുന്നേല്‍പ്പിച്ചിരുത്തിയത്. 

വീണതിന്‍റെ ആഘാതത്തില്‍ രജനിക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. രജനി തന്നെ പൂച്ചാക്കല്‍ സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ചു അപകട വിവരം അറിയിച്ചിരുന്നു. പോലീസുകാരിയാണെന്ന് മനസ്സിലായതോടെ നാട്ടുകാരും അടുത്തുള്ള അരൂര്‍ സ്റ്റേഷനിലും വിവരം അറിയിച്ചു. എന്നാല്‍ പിന്നീട് മകനെ വിളിച്ചു വരുത്തി രജനി തിരികെ പോയ ശേഷമാണ് പോലീസുകാര്‍ അന്വേഷിച്ചെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടവിവരം അറിഞ്ഞിട്ടും പോലീസുകാര്‍ പ്രതികരിക്കാന് വൈകിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് അരൂ‍ര്‍ സിഐ പറഞ്ഞു.  

Related News