ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവർണർ, നിയമ നടപടിക്കൊരുങ്ങി സർക്കാർ

  • 05/11/2022

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വെയ്ക്കാത്തതിന് എതിരെ നിയമ നടപടിക്ക് തയ്യാറെടുത്ത് സര്‍ക്കാര്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാനില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടി. സര്‍വകലാശാല ചാന്‍സര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ ഉള്‍പ്പെടെ ആറ് എണ്ണമാണ് ഗവര്‍ണര്‍ തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായാണ് ഭരണഘടനാ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ഫാലി എസ് നരിമാമാനില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടിയത്. നിയമോപദേശം അടിസ്ഥാനമാക്കിയാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍.

അതേസമയം സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഓര്‍ഡിനന്‍സോ ബില്ലോ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഈ കാര്യം സിപിഐഎം സംസ്ഥാന സമിതി തീരുമാനിക്കും. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമാണ് സിപിഐഎം ഉയര്‍ത്തുന്നത്. ആര്‍എസ്‌എസുകാരെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിയമിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

Related News