നിയമന കത്ത് വിവാദം: ചോർച്ചയ്ക്ക് പിന്നിൽ വിഭാഗീയതയും അധികാര തർക്കവും, സിപിഎം യോഗത്തിൽ നടപടിക്ക് സാധ്യത

  • 06/11/2022

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ചോർന്നതിന് പിന്നിൽ സിപിഎം ജില്ലാ നേതാക്കൾക്കിടയിലെ വിഭാഗീയതക്കൊപ്പം പാർലമെൻററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്ന് വിവരം. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം വളർന്ന വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതി എത്തിയിട്ടുണ്ട്.

മൂന്ന് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിയാണ് സിപിഎം തലസ്ഥാന ജില്ലാ നേതൃത്വത്തിൽ. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തി ഒമ്പത് മാസം കഴിഞ്ഞിട്ടും പുതിയ ജില്ലാ സെക്രട്ടറിയിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ആര്യാ രാജേന്ദ്രൻ ദില്ലിയിൽ പോയ സമയത്ത് ഔദ്യോഗിക ലെറ്റർ പാഡിൽ മേയറുടെ ഒപ്പിട്ട കത്ത് എങ്ങനെ വന്നു എന്നതിലാണ് വലിയ അവ്യക്തത. ആനാവൂരിന്റെ വിശ്വസ്ഥൻ കൂടിയായ പാർലമെന്ററി പാർട്ടി.നേതാവ് ഡിആർ അനിൽ മേയറുടെ ഓഫീസിൽ നിന്ന് ഇറക്കിയ കത്താകാമെന്നാണ് പുറത്ത് വരുന്ന വിവരം. 

വിശ്വസ്ഥനെ സംരക്ഷിച്ചും മേയറെ പ്രതിക്കൂട്ടിൽ നിർത്തിയും ആനാവൂരിനേറെ ആദ്യ പ്രതികരണം വന്നതിന് തൊട്ട് പിന്നാലെയാണ് പാർട്ടി നിയമനം ആവശ്യപ്പെട്ട് ഡിആർ അനിൽ എഴുതിയ കത്തും പുറത്താകുന്നത്. ഇതോടെ കോർപറേഷൻ ഭരണ നേതൃത്വവും സിപിഎം ജില്ലാ നേതൃത്വവും അപ്പാടെ പ്രതിരോധത്തിലായി. ഇതിന് എല്ലാം പുറമെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡിആർ അനിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീമും തമ്മിലും രൂക്ഷമായ അധികാര തർക്കം നിലവിലുണ്ട്. ഒമ്പതാം തീയതി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ ഇപ്പോഴത്തെ വിവാദം ചർച്ചയാകുമെന്ന് മാത്രമല്ല നടപടിക്കും സാധ്യതയുണ്ട്.

Related News