ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ

  • 06/11/2022

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഏതറ്റം വരെയും പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. വിഷയത്തിൽ ആവശ്യമായ നിലപാടെടുക്കും. ഗവർണറെ മാറ്റുന്നതിൽ നിയമനിർമാണത്തിന് സർക്കാരിന് തീരുമാനമെടുക്കാം. ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. അതിനായി ഗവർണറെ ഉപയോഗിക്കുകയാണ്. ഈ നീക്കത്ത രാഷ്ട്രീയമായും നിയമ, ഭരണഘടനാപരമായും നേരിടും. സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് നീക്കമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

ആര്യാ രാജേന്ദ്രൻറെ നിയമന കത്ത് വിവാദത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. കത്ത് വ്യാജമെന്ന് മേയർ വിശദീകരിച്ചു. കത്ത് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കട്ടെ. അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. പിൻവാതിൽ നിയമനം പാർട്ടിയുടെ അജണ്ടയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Related News