കഞ്ചാവ് വിറ്റതിന്‍റെ ലാഭത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിൻറെ അമ്മയുടെ തലയ്ക്കടിച്ചു, കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു; പ്രതി പിടിയിൽ

  • 06/11/2022

ഇടുക്കി: സുഹൃത്തിൻറെ അമ്മയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസില്‍ പ്രതി പിടിയിൽ. തൊടുപുഴ പഞ്ചവടി പാലം സ്വദേശി ലിബിൻ ബേബിയാണ് അറസ്റ്റിലായത്. കഞ്ചാവ് വില്‍പ്പന നടത്തിയതിന്‍റെ ലാഭത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 13നാണ് സംഭവം ഉണ്ടായത്. തൊടുപുഴ കമ്പിപാലത്തുള്ള വീട്ടിൽ കയറി സുഹൃത്തിന്‍റെ അമ്മയുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് നാലുപേർ ചേർന്ന് ചെറുപൊതികളാക്കി വിൽപ്പന നടത്തിയതിലെ ലാഭത്തെക്കുറിച്ചുള്ള തർക്കമാണ് പ്രശ്നത്തിന് കാരണമെന്ന് ലിബിൻ പോലീസിന് മൊഴി നൽകി.

സുഹൃത്തിന്‍റെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ലിബിൻ ഉൾപ്പടെ മൂന്നുപേർ ആക്രമിച്ചു എന്നായിരുന്നു പരാതി. ഇന്നലെ മൂന്നുപേരിൽ ഒരാളായ ആദർശ് പിടിയിലായത്തോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related News