കത്ത് വിവാദം: പാര്‍ട്ടിയും പൊലീസും അന്വേഷിക്കും

  • 07/11/2022

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്.

സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.

വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം രൂക്ഷമാവുകയാണ്. നഗരസഭയിൽ മണിക്കൂറുകളായി ബഹളം തുടരുകയാണ്. ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങൾക്ക് എത്തിയവരെ ഉൾപ്പെടെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. സംഘർഷത്തിൽ അകപ്പെട്ട പ്രായമായവർ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി. നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ ഒരു കണ്ണൻമൂലയിലെ കൗൺസിലർക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്. കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ സമരവും നടക്കുന്നുണ്ട്. 

Related News