മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ച് പുരികവും രോമവും കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

  • 07/11/2022

കോഴിക്കോട്: മുടി കൊഴിച്ചില്‍ തടയാനായി മരുന്ന് കഴിച്ചതിന് പിന്നാലെ  പുരികവും രോമവും കൊഴിഞ്ഞതോടെ നിരാശനായ യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. കോഴിക്കോടാണ് സംഭവം. നോര്‍ത്ത് കന്നൂര്‍ സ്വദേശിയായ പ്രശാന്താണ് കഴിഞ്ഞ മാസം തൂങ്ങി മരിച്ചത്. 

യുവാവ് ജീവനൊടുക്കിയത്  മുടി കൊഴിച്ചിലില്‍ മനംനൊന്താണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചു. പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നും ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നുണ്ടെന്നും ഇത് പോലീസില്‍ അറിയിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്നുമാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്.

ഒക്ടോബര്‍ ഒന്നിനാണ് പ്രശാന്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. പ്രശാന്തിന്‍റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പില്‍ 2014 മുതല്‍ മുടി കൊഴിച്ചിലിനു മരുന്ന് കഴിച്ചിരുന്നുവെന്നാണ് പറയുന്നത്.  കോഴിക്കോടുള്ള ക്ലിനിക്കില്‍ നിന്ന് മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ചു വരികയായിരുന്നു. എന്നാല്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പുരികവും മൂക്കിലെ രോമവും ശരീര ഭാഗങ്ങളിലെ രോമവും വരെ പൊഴിയാന്‍ തുടങ്ങി. 

ഡോക്ടറെ കണ്ട് വീണ്ടും മരുന്ന് കഴിച്ചും ഫലം ഉണ്ടായില്ല. ഇത്തരത്തില്‍ 2020 വരെ കോഴിക്കോട്ടെ ഡോക്ടറില്‍ നിന്ന് മരുന്ന് കഴിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പ്രശാന്ത് ആരോപിക്കുന്നു. യുവാവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Related News