വീടിന് പിന്നില്‍ പാചകം ചെയ്യുന്നതിനിടെ കോളേജിന്‍റെ മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

  • 07/11/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കഴക്കൂട്ടം സെന്റ് സേവിയേഴ്സ് കോളജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. 

തിങ്കളാഴ്ച്ച വെളുപ്പിന് 5.30 നാണ് അപകടം നടന്നത്. വീടിന് പിറകിലെ അടുപ്പിൽ ഭക്ഷണം പാകംചെയ്യാനുള്ള തയാറെടുപ്പിനിടെയായിരുന്നു സംഭവം ഉണ്ടായത്. സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീട്ടമ്മയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

മഴയിൽ കുതിർന്നു നിന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകർന്നു വീണത്. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ അയൽവാസികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ഏണസ്റ്റ്. മക്കൾ: ലിൻസി ചാർലസ് , ഷൈജ ഷിജിൻ. സംസ്ക്കാരം ചൊവ്വാഴ്ച്ച നടക്കും.

 

Related News