കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും

  • 07/11/2022

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ നടപടികളിലേക്ക് കടക്കും. സംഭവത്തിൽ മേയറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ തുടർ നടപടികളും നിർണായകമാകും. അതേസമയം, ഭരണ സമിതിക്കെതിരെ അതിശക്ത പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

മേയറുടെ പരാതിയിൽ അതിവേഗമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയത്തിൽ തുടർന്നുളള നടപടികളിൽ ക്രൈംബ്രാഞ്ചിൻറെ ഭാഗത്തും ഈ വേഗത ഉണ്ടാകുമെന്ന ഉറപ്പാണ് സർക്കാരും പാർട്ടിയും നൽകുന്നത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, ഔദ്യോഗികമായി അന്വേഷണ നടപടികളിലേക്ക് കടന്നേക്കും. പരാതിക്കാരിയായ മേയറുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
മേയറുടെ ഒറിജിനൽ ലെറ്റർപാഡുൾപ്പെടെ ശേഖരിച്ചായിരിക്കും നിലവിൽ പ്രചരിക്കുന്ന കത്തിൻറെ സാധുത പരിശോധിക്കുക. മേയറുടെ ഒപ്പ് ദുരുപയോഗം ചെയ്‌തോ എന്നതടക്കം പരിശോധിക്കും. കത്തിൻറെ ഉറവിടവും ആരാണ് പ്രചരിപ്പിച്ചത് എന്നതും അന്വേഷണ പരിധിയിൽ വരും.

അതേസമയം, വിഷയത്തിൽ സിപിഐഎം പ്രഖ്യാപിച്ച പാർട്ടി അന്വേഷണത്തിൽ എന്ത് തുടർനടപടികളുണ്ടാകും എന്നത് ശ്രദ്ധേയമാകും. അന്വേഷണ സമിതിയെ ഉടൻ പ്രഖ്യാപിക്കുമോ അതോ ക്രൈംബ്രാഞ്ച് അന്വേഷണത്തിൻറെ ഗതി നോക്കി മാത്രമാകുമോ തുടർനടപടിയെന്നതും ശ്രദ്ധേയം. വിവാദത്തിൽ വിശദീകരണവും നിയമനടപടികളും ആരംഭിച്ചെങ്കിലും മേയർക്കും ഭരണസമിതിക്കുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. നഗരസഭക്കകത്ത് പ്രതിഷേധം തുടരുന്നതിനൊപ്പം പ്രാദേശിക തലങ്ങളിലേക്ക് ഉൾപ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനും യുഡിഎഫ് - ബിജെപി ആലോചനയുണ്ട്.

Related News