ഗണേശന്‍ ചികിത്സ കഴിഞ്ഞ് ഇറങ്ങുമ്ബോള്‍ അവനെയും കാത്ത് കാര്‍ ഉണ്ടാകും; ചവിട്ടേറ്റ ബാലന് കാർ സമ്മാനം

  • 08/11/2022

തലശ്ശേരി: കാറില്‍ ചാരിനിന്നെന്ന കുറ്റത്തിന് ആറ് വയസുകാരനായ രാജസ്ഥാനി ബാലനെ കാറുടമ ചവിട്ടിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും കേരളം കണ്ടതാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുമ്ബോള്‍ അവനെ കാത്ത് ഒരു കാരുണ്ടാകും. ആറുവയസ്സുകാരന്‍ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും സന്ദര്‍ശിച്ച്‌ ഇരുപതിനായിരം രൂപ നല്‍കിയിരുന്നു.


ഗണേശന്‍ ചികിത്സ കഴിഞ്ഞ് ഇറങ്ങുമ്ബോള്‍ അവനെയും കത്ത് കാര്‍ ഉണ്ടാകുമെന്ന് അച്ചായന്‍സ് ഗോള്‍ഡിന്റെ ഉടമ വെളിപ്പെടുത്തിയിരുന്നു. കണ്ണൂരിലെ കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണം വളരെയധികം വേദനയുണ്ടാക്കിയെന്നും തന്റെ മകനെയാണ് ഓര്‍മ വന്നതെന്നും ടോണി പറഞ്ഞു.

'എനിക്കും 6 വയസുള്ള ഒരു കുട്ടി ഉണ്ട്. ആ കുട്ടിയെ കണ്ടപ്പോള്‍ അവനെയാണ് ഓര്‍മ്മ വന്നത്. അപ്പോള്‍ തന്നെ തീരുമാനിച്ചതാണ് കുട്ടിയെ കാണാന്‍ കണ്ണൂര്‍ വരെ പോകണം എന്ന്. ഇന്നലെ നല്ല മഴയായിരുന്നു, എങ്കിലും കണ്ണൂരിലേയ്ക്ക് പുറപ്പെട്ടു. മണിക്കൂറുകള്‍ യാത്ര ചെയ്തു അവിടെ എത്തി. ചില സാമൂഹിക പ്രവര്‍ത്തകരോട് ചോദിച്ചു അവര്‍ താമസിക്കുന്ന ഇടത്തേയ്ക്ക് തിരിച്ചു. രാജസ്ഥാനില്‍ നിന്നും ഇവിടെ ജോലിക്ക് വന്നവരാണ്, തീര്‍ത്തും സാധാരണക്കാര്‍. ജോലി അന്വേഷിച്ച്‌ വന്നവരോട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്ന് അവര്‍ വിചാരിച്ചുകാണില്ല. കണ്ണൂര്‍ എത്തിയപ്പോള്‍ അറിഞ്ഞത് കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ്, പെട്ടെന്നുള്ള യാത്രയായിരുന്നതിനാല്‍ ഒന്നും കരുതാന്‍ സാധിച്ചില്ല, കുറച്ചു ഉടുപ്പുകള്‍ വാങ്ങി വേണം പോവാന്‍.

ആശുപത്രിയില്‍ ചെന്നപ്പോള്‍ വളരെയധികം വിഷമം തോന്നി, ഒരു കൊച്ചു കുട്ടി, മലയാളം അറിയില്ല അവന് ആകെ സങ്കടം നിറഞ്ഞ മുഖഭാവം. അവരുടെ കുടുംബത്തിനും അങ്ങനെ തന്നെ. നമ്മുടെ നാട്ടിലെ ആളുകളില്‍ നിന്ന് ഇങ്ങനെ ഒന്ന് അവര്‍ പ്രതീക്ഷിച്ചു കാണില്ല. കോട്ടയത്ത്‌ നിന്നും കുട്ടിയെ കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ അത്ഭുതം തോന്നി, ഒരാള്‍ ചെയ്ത തെറ്റിന് ഈ നാട് അവര്‍ക്ക് നല്‍കുന്ന സപ്പോര്‍ട്ട് കൊണ്ടാകാം. കാറിന്റെ ലൈറ്റ് നെ ഒന്ന് കാണാന്‍ ആണ് അവന്‍ അടുത്ത് പോയത്. അതിനാണ് ഈ അവസ്ഥ കുട്ടിയ്ക്ക് ഉണ്ടായത് എന്നോര്‍ക്കുമ്ബോള്‍ ഒരുപാട് വിഷമം തോന്നുന്നു. കുട്ടിയുടെ ആശുപത്രി ചിലവ്‌ മുഴുവന്‍ അച്ചായന്‍സ് ഗോള്‍ഡ് വഹിക്കുന്നതായിരിക്കും. ഡ്രസ്സ്‌ ഉള്‍പ്പെടെ എല്ലാ സാധങ്ങളും അവര്‍ക്ക് വാങ്ങി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള എല്ലാ സഹായങ്ങളും നല്‍കാനാണ് തീരുമാനം. ഇനി ഒരു കുട്ടിയ്ക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ', ടോണിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Related News