ദോഷം മാറാൻ സ്വർണക്കുരിശ്; വീട്ടമ്മയിൽ നിന്ന് സ്വര്‍ണം തട്ടിയെടുത്ത രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

  • 09/11/2022

കോട്ടയം: കോട്ടയത്ത് വീടിന് ദോഷം മാറാൻ സ്വർണക്കുരിശ് നിർമിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് സ്വർണം തട്ടിയെടുത്ത രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി (35 ), കൊല്ലം കലയപുരം സ്വദേശിനി സുമതി (45) എന്നിവരാണ് അറസ്റ്റിലായത്. 

21 പവൻ സ്വര്‍ണമാണ് ഇവര്‍ തട്ടിയെടുത്തത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചത്. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു ദേവിയും സുമതിയും. 

കത്തിയും വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തി ജീവിച്ചിരുന്ന ഇവര്‍ അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയുമായി പരിചയത്തിലായി. വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതിയെന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. 

വീട്ടമ്മയുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം ഇവര്‍ കൈക്കലാക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നല്‍കി. തുടര്‍ന്നാണ് ഇരുവരും പിടിയിലാകുന്നത്. 

Related News