തേനീച്ച കുത്തേറ്റ് പതിനാലുകാരി മരിച്ച സംഭവം; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • 10/11/2022

പാലക്കാട്: പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് പതിനാലുകാരി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തിൽ കൂടു വച്ച തേനീച്ചകൾ കുത്തി 14 വയസുള്ള പെൺകുട്ടി മരിച്ച സംഭവത്തിലാണ് അവകാശികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.  

മരം മുറിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കാമെന്ന് ഉത്തരവിൽ പറയുന്നു. 2020 ഏപ്രിലിലാണ് സംഭവം. പാലക്കാട് ചിറ്റൂര്‍ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകള്‍ ആര്‍തിയാണ് തേനീച്ചകളുടെ കുത്തേറ്റ് മരിച്ചത്. തേനീച്ച ശല്യം കാരണം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുള്ള പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശന്‍ 2018 മുതല്‍ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായിരുന്നില്ല. 

മരം മുറിക്കാത്തതും തേനീച്ചകളെ ഒഴിവാക്കത്തുമാണ് വീട്ടിലിരുന്ന കുട്ടിക്ക് തേനീച്ചയുടെ കുത്തേറ്റ് ദുരന്തമുണ്ടാകാന്‍ കാരണമെന്നാണ് ആര്‍തിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. മരം മുറിക്കാനുള്ള നടപടിക്രമങ്ങളുടെ  നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യ ച്യുതിയും  കാരണമാണ് ഒരു പെൺകുട്ടിയുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ടതെന്ന് കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 

കേസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂര്‍വ്വം വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വീഴ്ച ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി നൽകുന്ന തുക അവരിൽ നിന്ന് ഈടാക്കാവുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു.   

Related News