പ്ലസ്ടുവിന് 92% മാര്‍ക്ക്, തുടര്‍ന്ന് പഠനം വഴിമുട്ടി; കളക്ടര്‍ വിളിച്ചു പഠനച്ചെലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

  • 11/11/2022

ആലപ്പുഴ: മികച്ച വിജയം സ്വന്തമാക്കിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തുടര്‍ന്ന് പഠിക്കാന്‍ വഴിയില്ലാതെ വന്ന വിദ്യാര്‍ത്ഥിനിക്ക് സഹായഹസ്തവുമായി തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്‍. പഠനച്ചെലവ് ഏറ്റെടുക്കണമെന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസിന്‍റെ അഭ്യർഥന പ്രകാരമാണ് പഠനച്ചെലവ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്. 

‘വീ ആർ ഫോർ’ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അർജുൻ വിദ്യാര്‍ത്ഥിനിയുടെ എല്ലാ പഠനച്ചെലവും ഏറ്റെടുത്തത്. പ്ലസ്ടു 92% മാർക്കോടെ വിജയിച്ചിട്ടും തുടർന്നു പഠിക്കാൻ വഴിയില്ലെന്ന സങ്കടവുമായാണ് കുട്ടി മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണ്ടത്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു മരിച്ചു. നഴ്സാകാനാണ് ആഗ്രഹമെന്നു കുട്ടി പറഞ്ഞെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ തുടർപഠനം ഉറപ്പാക്കാൻ ശ്രമിക്കുകയായിരുന്നു.

കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിച്ചതോടെ സ്പോൺസറെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. തുടർന്നാണ് നടൻ അല്ലു അർജുനെ വിളിച്ച് കലക്ടർ പഠനച്ചെലവ് ഏറ്റെടുക്കാൻ അഭ്യർഥിച്ചത്. നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള മുഴുവൻ ചെലവും അല്ലു അർജുൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തി കുട്ടിയെ കോളജിൽ ചേര്‍ക്കുകയും ചെയ്തു. ഫേസ്ബുക്ക് പേജ് വഴിയാണ് കളക്ടര്‍ ഈ നല്ല വാര്‍ത്ത പങ്കുവെച്ചത്.
 

Related News