രാജി വേണ്ട; കത്ത് വിവാദത്തില്‍ മേയറെ പിന്തുണച്ച്‌ സിപിഐഎം

  • 11/11/2022

നിയമന കത്ത് വിവാദത്തില്‍ മേയറെ പിന്തുണച്ച്‌ സിപിഐഎം. ആര്യാ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണം കഴിയും വരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിന്‍റെ പേരില്‍ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.


അതേസമയം സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്‍റെയും കത്തുകള്‍ പരിശോധിക്കും. സംഭവത്തില്‍ അഴിമതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കത്തിന്‍്റെ ആധികാരികതയും പരിശോധിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജിലന്‍സ് അന്വേഷണം.

തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി കെ.ഇ ബൈജുവാണ് അന്വേഷിക്കുക. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം സംഭവത്തില്‍ രാജിവയ്ക്കില്ലെന്ന് മേയര്‍ അറിയിച്ചിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും ആര്യാ പറഞ്ഞു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിച്ച്‌ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

Related News