ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല

  • 11/11/2022

തിരുനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല.  രണ്ട് ദിവസം മുമ്ബ് ചേര്‍ന്ന മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയതെങ്കിലും ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. മന്ത്രിമാര്‍ പലരും ഇനിയും ഒപ്പിടാന്‍ ഉണ്ടെന്ന് വിശദീകരണം. അതേസമയം, ആരിഫ് മുഹമ്മദ് ഖാന്‍ നാളെ രാവിലെ ഉത്തരേന്ത്യയിലേക്ക് പോകും.


ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭ സമ്മേളനം വിളിച്ച്‌ ചേര്‍ത്ത് ബില്‍ പാസാക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സ്ലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റി ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് ഇതിന്റെ തെളിവാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് അയച്ചാലും നിയമസഭയില്‍ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ധര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

അതിനിടെ, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി സി നിയമനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മറുപടി സത്യവാങ്മൂലം ബുധനാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നിര്‍ദേശം.ഹര്‍ജി നല്‍കാന്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാരിന് സാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവഹാരങ്ങളും തര്‍ക്കങ്ങളും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

Related News