ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ് രാജ്ഭവനിൽ

  • 12/11/2022

തിരുവനന്തപുരം: പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. വിവാദ ഓർഡിനൻസ് ഒടുവിൽ ഗവർണറുടെ കോർട്ടിൽ എത്തിയിരിക്കുകയാണ്. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് ഓർഡിനൻസ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലേക്ക് അയച്ചത്. 

ഓർഡിനൻസിൽ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നുമുള്ള നിലപാട് ഇതിനകം ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാൽ ഓർഡിനൻസിൽ രാജ്ഭവൻറെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ - അതാണ് സർക്കാർ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിൻറെ തിയ്യതിയിൽ ധാരണയുണ്ടാക്കും. 

സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓർഡിനൻസിൻറെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ്  ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിൻറെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്.

Related News