രാജ് ഭവൻ മാർച്ച്‌: സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനെതിരെ പൊതുതാല്പര്യ ഹർജി

  • 14/11/2022

കൊച്ചി: ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ക്കെതിരെ സമര രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ചാണ് സമരത്തില്‍ പങ്കെടുപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.


രജിസ്റ്ററില്‍ ഒപ്പിട്ട് ഗവര്‍ണക്കെതിരായുള്ള സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്താല്‍ അതിനെ നിയമപരമായി നേരിടുമെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. കേന്ദ്രസര്‍ക്കാരിന്റെ ശമ്ബളവും വാങ്ങി ഗവര്‍ണര്‍ക്കെതിരായുള്ള മാര്‍ച്ചില്‍ പങ്കെടുത്താല്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല അതിന് മേലെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച്‌. അഴിമതി, സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവര്‍ണറുടെ നിലപാടിനെ ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച്‌ ചാന്‍സലര്‍ക്കുള്ള അധികാരം ഈ വിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. മറ്റു വിസിമാരുടെ കാര്യത്തിലും ഇത് നിര്‍ണായകമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related News