കുട്ടികളെ കേൾക്കാൻ സമയം കണ്ടെത്തും; ഉറപ്പ് നൽകി വീണ ജോർജ്

  • 14/11/2022

തിരുവനന്തപുരം: തങ്ങളെ കേള്‍ക്കാന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തുന്നതാണ് കുട്ടികള്‍ക്ക് ഏറ്റവും പ്രയപ്പെട്ടതെന്ന് മന്ത്രി വീണാ ജോര്‍ജിന് മുന്‍പില്‍ നിന്ന് 'കുട്ടി പ്രസിഡന്റ്' നന്മ എസ് പറഞ്ഞതോടെ മുഴുവന്‍ കുരുന്നുകളുടെയും വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ സമയം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി.


തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാനതല ശിശുദിനാഘോഷ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് കുട്ടികളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ പരോക്ഷമായി അവതരിപ്പിച്ചത്. ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു, മാസത്തില്‍ രണ്ടു തവണ കുട്ടികള്‍ക്ക് മന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിക്കും. കുട്ടികളുടെ പ്രയാസങ്ങള്‍, പരാതികള്‍, ആശയങ്ങള്‍ തുടങ്ങിയവയെല്ലാം പങ്കുവെക്കാം. 15 ദിവസത്തിലൊരിക്കല്‍ എന്ന രീതിയിലാണ് കുട്ടികള്‍ക്ക് മന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിക്കുക.

കുട്ടികളുടെ പ്രസംഗങ്ങള്‍ സമൂഹത്തിലെ വിവിധ സംഭവ വികാസങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു. ലഹരി ഉപഭോഗം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കി ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് കുട്ടികളുടെ വികസനത്തിന് അനിവാര്യമെന്നതായിരുന്നു കുട്ടികളുടെ പ്രസംഗത്തിന്റെ ചുരുക്കം.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ജയപാല്‍ മുഖ്യമന്ത്രിയുടെ കുട്ടികള്‍ക്കുള്ള സന്ദേശം വേദിയില്‍ വായിച്ചു. 'കൈകോര്‍ക്കാം ലഹരിക്കെതിരെ' എന്ന സന്ദേശത്തോടെ പുറത്തിറക്കിയ ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്ബ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സ്റ്റാമ്ബ് രൂപകല്‍പന ചെയ്ത ബാലരാമപുരം നസ്രേത്ത്‌ഹോം സ്‌കൂളിലെ അക്ഷയ് ബി എ, വിഷയം തിരഞ്ഞെടുത്ത കണ്ണൂര്‍ അണ്ടല്ലൂര്‍ സീനിയര്‍ സ്‌കൂളിലെ അശ്വിന്‍ കൃഷ്ണ എന്നിവരെ മന്ത്രി വേദിയില്‍ ആദരിച്ചു.

Related News