പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

  • 14/11/2022

ഇടുക്കി: ഇടുക്കി അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍
യുവാവ് അറസ്റ്റില്‍. അടിമാലി സ്വദേശിയായ നിധിൻ (26) തങ്കച്ചനാണ് പിടിയിലായത്. 

കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പ്ലസ് വൺ വിദ്യാർഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. വിശദമായ പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായതോടെ നിധിന്‍ ഒളിവിൽ പോകുകയായിരുന്നു. നിധിനെ ഒളിവിൽ പോകാൻ സഹായിച്ച നാല് സുഹൃത്തുക്കളെ ഇന്നലെ അടിമാലി പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ നിധിൻ രാവിലെ അഭിഭാഷകനോടൊപ്പം അടിമാലി പോലീസിൽ ഹാജരാകാൻ നടപടി ആരംഭിച്ചിരുന്നു. 

കഴിഞ്ഞ ഒരു വർഷമായി നിധിൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് നിധിൻ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവും സഹോദരനും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. പോക്സോ വകുപ്പ് വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.

Related News