വേതനം കുറവ്: സ്വിഗി വിതരണക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

  • 15/11/2022

കൊച്ചി: എറണാകുളം ജില്ലയിലെ സ്വിഗി വിതരണക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം വേതന നിരക്ക് ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വീണ്ടും കമ്ബനി തഴഞ്ഞ സാഹചര്യത്തിലാണ് സമരം.


തിങ്കളാഴ്ച മുതലാണ് ലോഗൗട്ട് സമരം. പത്ത് കിലോമീറ്റര്‍ ദൂരം ഭക്ഷണം എത്തിച്ച്‌ മടങ്ങി വന്നാല്‍ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റര്‍ ദൂരം കൂടികണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ കമ്ബനി തയ്യാറാകാത്തതോടെയാണ് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.

ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറില്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല. മറ്റൊരു തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന് സ്വിഗി ഡെലിവറി അനുമതി കൊടുത്തതും സ്വിഗി വിതരണക്കാര്‍ക്ക് തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വിഗി വിതരണക്കാര്‍ക്ക് നല്‍കുന്നതിലും ഇരട്ടി ഇവര്‍ക്ക് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്.

Related News