‘പാമ്പ് കടിച്ചു സാറേ,...’; യുവാവ് ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍, സമയോചിതമായി ഇടപെട്ട് പോലീസ്

  • 15/11/2022

തൊടുപുഴ: പാമ്പു കടിച്ചെന്നും സഹായിക്കണമെന്നും അപേക്ഷിച്ച് യുവാവ് ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍. സമയോചിതമായി ഇടപെട്ട് യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസുകാര്‍. ശനിയാഴ്ച രാത്രി 12 മണിയോടെ കരിങ്കുന്നം സ്റ്റേഷനിലേക്കാണ് കരിമണ്ണൂർ കോട്ടക്കവല കോട്ടയിൽ ജിത്തു തങ്കച്ചൻ (18) ഓടിക്കയറിയത്.  

ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് പോലീസ് ജീപ്പിൽ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, അക്ബർ, സിപിഒ ഉമേഷ് എന്നിവർ ചേർന്നാണ് യുവാവിന് പ്രഥമശുശ്രൂഷ നൽകിയത്. 

പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയർ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടൻ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി. കരിമണ്ണൂരിൽ നിന്ന് ബന്ധുക്കൾ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണു ജിത്തുവിന്റെ കയ്യിൽ കടിച്ചത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രി വിട്ടു.

Related News