സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

  • 16/11/2022

കൊച്ചി: നടി സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസിന് ഹൈക്കോടതിയില്‍ സ്റ്റേ. കേസിലെ തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. എഫ്ഐആർ റദ്ദാക്കണമെന്ന സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് നടപടി. 

പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ചാണ് എറണാകുളം സ്വദേശി ഷിയാസ് നടിക്കെതിരായി വഞ്ചനാ കേസ് നല്‍കിയത്. ഇതിനെതിരെയാണ് ഹർജി. സണ്ണി ലിയോണിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുത്തരവ്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരെ ചുമത്തിയത്. 2016ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 
പല തവണയായി മാനേജർ മുഖേന പണം കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണ് പരാതിയിൽ പറയുന്നത്. 

നടിയും മറ്റുള്ളവരും ചോദ്യം ചെയ്യലിനു വിധേയരായിരുന്നു. പിന്നീട് ഇവർ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി. കേസില്‍ സണ്ണി ലിയോണി ഒന്നാം പ്രതിയാണ്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ. 

 

Related News