കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി; പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി സംസ്ഥാനം

  • 16/11/2022

ദില്ലി: സാങ്കേതിക സർവകലാശാല (കെ ടി യു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും. നിയമോപദേശത്തിന് മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നൽകാൻ നിയമവകുപ്പ് ഉത്തരവിറക്കി. വിധിക്കെതിരെ മുൻ വിസി ഡോ രാജശ്രീ എംഎസും പുനഃപരിശോധന ഹർജി നൽകിയിട്ടുണ്ട്. സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നു. 

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാൽ പുനഃപരിശോധന ഹർജിയിൽ രാജശ്രീ ചൂണ്ടിക്കാട്ടുന്നത് സാങ്കേതിക വിഷയങ്ങളാണ്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തത് സെലക്ഷൻ കമ്മിറ്റിയാണ്. ആ നടപടിയിലെ പിഴവിന് താൻ ഇരയായി എന്നാണ് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നത്. 

സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിലോ, ഒരാളെ മാത്രം ശുപാർശ ചെയ്തതോ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെങ്കിൽ ആ നടപടിയിൽ തനിക്ക് പങ്കില്ലെന്നും രാജശ്രീ സമർപ്പിച്ച റിവ്യൂവിൽ പറയുന്നു. രാജശ്രീയുടെ നിയമനം അസാധുവാണെന്നാണ് വിധിയിൽ പറഞ്ഞിരുന്നത്. നാല് വർഷം വിസിയായിരുന്ന തനിക്ക് ശമ്പളവും മറ്റു അനൂകൂല്യവും നൽകിയിരുന്നു. വിധിക്ക് മുൻകാല പ്രാബല്യം നൽകിയാൽ ഇവ തിരിച്ചടക്കേണ്ടിവരും അതിനാൽ മുൻകാലപ്രാബ്യല്യം നൽകരുതെന്നും ഹർജിയിൽ പറയുന്നു. വിധികാരണം സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ടെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

Related News