കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് കൊല്ലത്ത് തുടക്കമായി

  • 17/11/2022

കൊല്ലം: കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് കൊല്ലത്ത് തുടക്കമായി. തെക്കന്‍ ജില്ലകളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഈ മാസം 24 വരെയാണ് റാലി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയുക.


ആര്‍മി റിക്രൂട്ട്‌മെന്റ് ബാംഗ്ളൂര്‍ സോണ്‍ ഡി ഡി ജി ബ്രിഗേഡിയര്‍ എ എസ് വലിമ്ബേയുടെയും ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിദ്ധ്യത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ രണ്ടാം ഘട്ട അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്കാണ് കൊല്ലത്ത് തുടക്കമായത്. അഗ്നിവീര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അദ്ധ്യാപകന്‍ തുടങ്ങിയ വിവിധ തസ്‌തികകളിലേയ്ക്കും റിക്രൂട്ട്‌മെന്റ് നടത്തുകയാണ്. റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി സ്റ്റേഡിയത്തിലെ താമസസൗകര്യവും മറ്റെല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഒരുക്കിയത്.

അഗ്നിവീര്‍ ത‌സ്‌തികയിലേയ്ക്ക് മൊത്തം 25367 ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 2000 ഉദ്യോഗാര്‍ത്ഥികളെയാണ് റാലിയുടെ ആദ്യ ദിനത്തില്‍ വിളിച്ചിരിക്കുന്നത്. ആദ്യ ദിവസം ശാരീരികക്ഷമതാ പരിശോധനയും അതില്‍ വിജയിക്കുന്നവര്‍ക്ക് വൈദ്യ പരിശോധനയും നടത്തും.

Related News