നിയമന ശുപാര്‍ശ പുനഃപരിശോധിക്കാനുള്ള വിധി മാനിക്കുന്നു: പ്രിയാ വര്‍ഗീസ്

  • 17/11/2022

തന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കാനുള്ള വിധി മാനിക്കുന്നുവെന്ന് പ്രിയാ വര്‍ഗീസ്. വിധിയില്‍ സന്തോഷമെന്ന് ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയയും സര്‍ക്കാരിന് കടുകിട വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദുവും പറഞ്ഞു. അതേസമയം, വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നായിരുന്നു പ്രതിപക്ഷവാദം.


കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള ഡോ. പ്രിയ വര്‍ഗ്ഗീസിന്റെ നിയമന ശുപാര്‍ശ പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിധി മാനിക്കുന്നുവെന്നായിരുന്നു പ്രിയാ വര്‍ഗീസിന്റെ പ്രതികരണം. തുടര്‍ നടപടികള്‍ നിയമ വിദഗ്ധരുമായി ചേര്‍ന്ന് ആലോചിക്കുമെന്നും പ്രിയാ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിധിയില്‍ സന്തോഷമെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയ പ്രതികരിച്ചു.പ്രിയാ വര്‍ഗീസിന്റെ നിയമന ശുപാര്‍ശയില്‍ സര്‍ക്കാരിന് കടുകിട വീഴ്ച പറ്റിയിട്ടില്ലെന്നും തുടര്‍നടപടികളില്‍ തീരുമാനമെടുക്കേണ്ടത് നിയമന അതോറിറ്റിയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനകാലം സംബന്ധിച്ച ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഹൈക്കോടതി വിധി കാരണമാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു.

Related News