അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലയുള്ള തിമിംഗല ഛർദ്ദി

  • 17/11/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിമിംഗല ഛർദ്ദി (ആംബർ ഗ്രീസ് ) പിടികൂടി. ആറ്റിങ്ങൽ കല്ലമ്പലത്ത് വച്ചാണ് വാഹനത്തില്‍ നിന്ന് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്. 

സംഭവത്തിൽ ചവറ സ്വദേശി മനോജ്, മാർത്താണ്ഡം സ്വദേശി മരിയദാസ് എന്നിവർ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. പ്രതികളിൽ നിന്ന് അഞ്ചേ മുക്കാൽ കിലോ തിമിംഗല ഛർദിയാണ് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദി പിടിച്ചെടുത്തത്.

അപകട വിവരം അറിഞ്ഞ് സ്ഥലത്ത് പ ോലീസ് എത്തിയതോടെ ഭയന്ന പ്രതികൾ വാഹനത്തിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന തിമിംഗല ഛർദി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ബാഗിൽ മൂന്നു കഷണങ്ങളായി സൂക്ഷിച്ച നിലയിലായിരുന്നു ഛര്‍ദ്ദി. ഇത് തമിഴ്‌നാട്ടിലെ മാർത്താണ്ടത്ത് നിന്നും എത്തിച്ചതാണെന്നു പ്രതികൾ മൊഴി നൽകി. കഴക്കൂട്ടത്ത് എത്തിച്ചു വിൽക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും വനം വകുപ്പിന് കൈമാറി. പിടിച്ചെടുത്ത ആംബർഗ്രിസിന് രഹസ്യ വിപണിയിൽ കിലോയ്ക്ക് 10 ലക്ഷം രൂപ വിലയുണ്ട്.

Related News