സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശിതരൂര്‍; നാല് ദിവസം മലബാര്‍ പര്യടനം

  • 18/11/2022

ദില്ലി: എഐസിസി അവഗണന തുടരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കാൻ  ശശി തരൂർ എംപി  നീക്കം തുടങ്ങിയെന്ന് അഭ്യൂഹം. ലീഗിൻറെ കൂടി ആശിർവാദത്തോടെയാണ് തരൂരിൻറെ നീക്കം. മലബാർ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കേരളം തൻറെ  നാടല്ലേയെന്നാണ് ശശി തരൂരിൻറെ പ്രതികരണം. ഞായറാഴ്ച മുതൽ നാല് ദിവസം നീളുന്ന തരൂരിൻറെ മലബാർ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻറെ ആർഎസ്എസ് അനുകൂല നിലപാടിൽ  ഇടഞ്ഞ ലീഗ് നേതാക്കളെ കാണാൻ പാണക്കാട് സന്ദർശനം, രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികൾ എന്നിവയാണ് പര്യടനത്തിൻറെ ലക്ഷ്യം. എൻഎസ്എസിനും സ്വീകാര്യനായെന്ന സൂചനയുമായി തരൂർ മന്നം ജയന്തിയിൽ മുഖ്യ അതിഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്.

എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിൻറെ യാത്രക്ക് ഏറെ പ്രധാന്യമുണ്ട്. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിൻറെ ഭീഷണി അവഗണിച്ച്  തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ എംപിയാണ് പരിപാടികളുടെ ചുക്കാൻ പിടിക്കുന്നത്. തരൂരിന് അർഹമായ പ്രാധാന്യം നൽകണമെന്ന സന്ദേശവുമായി  ലീഗും നീക്കത്തെ പിന്തുണക്കുന്നു. കെ മുരളീധരനടക്കം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും പ്രോത്സാഹനവുമായുണ്ട്.

Related News