ഗവ‍ർണർക്കെതിരെ ബിൽ:സഭാ സമ്മേളനം ഡിസംബ‍ർ 5മുതൽ

  • 18/11/2022

കണ്ണൂർ: ഡിസംബർ അഞ്ച് മുതൽ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ. തയാറാക്കുന്ന അജണ്ട അനുസരിച്ച് കാര്യങ്ങൾ നടക്കും. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾ പൂർണമായും രമ്യമായും പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. 

കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഓർഡിനൻസുകൾ പാസാക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവിൽ ചേർന്നപ്പോൾ എംബി രാജേഷായിരുന്നു സ്പീക്കർ. പിന്നീട് ഷംസീറിന് സ്പീക്കർ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേർന്നിരുന്നു. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കുകയും കണ്ണൂർ സർവ്വകലാശാലയിലെ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനങ്ങൾ നിലവിൽ പാർട്ടി ഏറ്റുവാങ്ങുകയുമാണ്. ഗവർണർ രാജി ആവശ്യപ്പെട്ട വൈസ് ചാൻസലർമാരുടെ എല്ലാം നില പരുങ്ങലിലാണ്.

ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ഗവർണർക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാൻ പോകുന്നത്. ഒരു ഘട്ടത്തിൽ സിപിഎമ്മിനൊപ്പം ഗവർണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളിൽ നിന്നും തുടർച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സർക്കാരിനെതിരെ നീക്കം കടുപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽനിയമനവും പ്രതിപക്ഷം സഭയിൽ ആയുധമാക്കാനാണ് സാധ്യത.

Related News