തരൂരിനെ ഒഴിവാക്കിയത് ശരിയായില്ല, കോൺഗ്രസിനെ വിമർശിച്ച് എം.കെ.രാഘവന്‍ എംപി

  • 18/11/2022

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയതിനെ വിമര്‍ശിച്ച്‌ എം.കെ.രാഘവന്‍ എംപി. തരൂരിനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നൊഴിവാക്കിയ നടപടി ശരിയല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്നില്‍ നില്‍ക്കേണ്ടയാളാണ് തരൂര്‍. അദ്ദേഹത്തെ പോലുള്ള ആളുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.കെ.രാഘവന്‍ പറഞ്ഞു.


അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് തരൂര്‍ ഒഴിഞ്ഞുമാറിയിരുന്നു. കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ തഴഞ്ഞതിന് പിന്നാലെയാണ് തരൂര്‍ പിന്മാറിയത്. കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ വിദ്യാര്‍ത്ഥി സംഘടന പ്രചാരണത്തിനായി ക്ഷണിച്ചെങ്കിലും തരൂരത് നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ മത്സരിച്ചതിന് പിന്നാലെ തരൂരിനെതിരെ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ നടപടികള്‍.

ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 40 താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യ കുമാര്‍, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് പട്ടിക. എന്നാല്‍, ഭാരത് ജോടോ യാത്രയുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം ഇതുവരെ പ്രചാരണത്തിന് എത്തിയിട്ടില്ല. ഈ മാസം പന്ത്രണ്ടിന് വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലും രാഹുലിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

Related News