കത്ത് വിവാദം: സിപിഐഎം സംസ്ഥാന നേത്വത്തിന് അതൃപ്തി

  • 18/11/2022

തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സിപിഐഎം സംസ്ഥാന നേത്വത്തിന് അതൃപ്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സിപിഐഎം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തു. നിയമന വിവാദം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന. 


കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടി ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി. നിയമനകത്ത് വിവാദത്തിന് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന ആവശ്യവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നു. ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.

അതേസമയം കത്ത് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. നഗരസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നീക്കം.


Related News