തുറന്നിട്ടിരുന്ന കാനയില്‍ വീണ് മൂന്നു വയസുകാരന് പരിക്ക്; കാനകൾ അടയ്ക്കണമെന്ന് ഹൈക്കോടതി

  • 18/11/2022

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ തുറന്നിട്ടിരുന്ന കാനയില്‍ വീണ് മൂന്നു വയസുകാരന് പരിക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കാനയിലേക്ക് കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെട്രോയില്‍ ഇറങ്ങി അമ്മയ്‌ക്കൊപ്പം നടന്നു വരുന്നതിനിടയിലാണ് കുട്ടി കാല്‍ വഴുതി കാനയിലേക്ക് വീണത്. കാനയില്‍ വീണ കുട്ടി അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.

ഒഴുക്കുള്ള കാനയിലാണ് മകന്‍ വീണതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഭാര്യ കാലു കൊണ്ട് തടഞ്ഞുനിര്‍ത്തിയതിനാലാണ് ഒഴുകിപ്പോകാതിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തിന് പിന്നാലെ  കൊച്ചി നഗരത്തിലെ കാനകൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

പനമ്പിള്ളി നഗറിലെ കാനയിൽ വീണ് കുട്ടിക്ക് പരുക്കേറ്റത് അടിയന്തരമായി പരിഗണിച്ച കോടതി നടപടിയെടുത്ത് റിപ്പോർട്ട് സമർപിക്കാൻ കൊച്ചി കോർപറേഷന് നിർദേശം നൽകി. കൊച്ചി കോർപറേഷൻ സെക്രട്ടറി കോടതിയിൽ നേരിട്ടെത്തി ക്ഷമ ചോദിച്ചു. കുട്ടിയുടെ ചികിൽസാചെലവ് ഏറ്റെടുക്കുന്നതായി മേയര്‍ പറഞ്ഞു.

Related News