അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു

  • 19/11/2022

കല്‍പ്പറ്റ: വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. മേപ്പാടി പള്ളിക്കവലയിലാണ് സംഭവം. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. 

അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയല്‍വാസിയായ ജിതേഷ് കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

രണ്ട് ദിവസം മുമ്പാണ് മേപ്പാടി പള്ളിക്കവലയിൽ അമ്മയേയും കുട്ടിയേയും അയൽവാസി വെട്ടി പരിക്കേൽപ്പിച്ചത്. കുഞ്ഞിന്റെ തലയ്ക്കും അമ്മ അനിലയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്. ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവദിവസം തന്നെ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി ജിതേഷ് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ്.

Related News