ഒരു കാരണവശാലും സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല: എംവി ഗോവിന്ദന്‍

  • 19/11/2022

തിരുവനന്തപുരം: ഒരു കാരണവശാലും സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്രത്തിന്‍്റെ അനുമതി കിട്ടിയാലുടന്‍ പദ്ധതി നടപ്പാക്കും. കേരളത്തിന്‍്റെ അടുത്ത അന്‍പത് വ‍ര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.


സില്‍വ‍ര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയത്. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി വി.എന്‍ വാസവനും പറഞ്ഞു. പദ്ധതി പിന്‍വലിക്കുന്നത് സര്‍ക്കാരിന്‍്റേയോ പാര്‍ട്ടി യുടേയോ പരിഗണനയ്ക്ക് വന്നിട്ടില്ല. എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ടാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും വാസവന്‍ പ്രതികരിച്ചു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയാല്‍ നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പിന്മാറുന്നത് വരെ സമരം തുടരും. പദ്ധതിയില്‍ നിന്ന് പിന്മാറിയെന്ന് സര്‍ക്കാര്‍ ഓദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related News