ലോകകപ്പ് ഫുട്ബോളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത് മലയാളികൾക്ക്. മലയാളികൾക്കും ആവേശം: മുഖ്യമന്ത്രി

  • 20/11/2022

ലോകകപ്പ് ഫുട്ബോളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത് മലയാളികളെ സംബന്ധിച്ച്‌ ഏറെ ആവേശകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍.


ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം. ആ അര്‍ത്ഥത്തില്‍ കേരളത്തിന്‍റെ കൂടി ലോകകപ്പാണിതെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച്‌ ഏറ്റവും സന്തോഷത്തോടെ ഈ ലോകകപ്പ് ഏവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഒരു മുന്‍വിധിയുമില്ലാതെ ലോകത്തെല്ലാവരും ആസ്വദിക്കുകയും ഹൃദയത്തില്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ് ഫുട്ബോള്‍ മത്സരങ്ങള്‍. അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിത്വത്തിന്റെയും വിഷ കിരണങ്ങള്‍ കടന്നു ചെല്ലുന്നത് അനാശാസ്യകരമാണ്.

ഇത്തരം ശ്രമങ്ങളെയെല്ലാം ഫുട്ബോള്‍ പ്രേമികള്‍ തള്ളിക്കളയുക തന്നെ ചെയ്യും. വിപുലമായ രീതിയില്‍ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും വിജയാശംസകളെന്നും മുഖ്യമന്ത്രി കുറിച്ചു.

Related News