തൃക്കാക്കര ബലാത്സംഗക്കേസില്‍ സിഐ സുനുവിനെ സസ്പെന്‍ഡ് ചെയ്തു

  • 20/11/2022

തൃക്കാക്കര ബലാത്സംഗക്കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി.ആര്‍ സുനുവിനെ സസ്പെന്‍ഡ് ചെയ്തു. എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. നോര്‍ത്ത് സോണ്‍ ചുമതലയുള്ള കമ്മിഷണറാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.


പി.ആര്‍ സുനു പത്ത് ദിവസത്തേക്കാണ് നിര്‍ബന്ധിത അവധി എടുത്തതിന് പിന്നാലെയാണ് സേനാതലത്തിലെ നടപടി. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്ത സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ഇന്ന് വീണ്ടും ചുമതലയേറ്റെടുത്തത്. ഇത് വിവാദമായതോടെയാണ് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വൈകുന്നേരത്തോടെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

ഒരാഴ്ച മുന്‍പാണ് സിഐ സുനുവിനെ തൃക്കാക്കരയില്‍ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാല്‍ നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സുനു ബേപ്പൂര്‍ തീരദേശ പൊലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.

Related News