കത്ത് വിവാദം: വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്

  • 21/11/2022

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെയുള്ളതാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. നിജസ്ഥിതി കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കണം. യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുള്‍പ്പെടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കുന്ന കാര്യം ഡിജിപി തീരുമാനിക്കും.


അതേസമയം, നിയമന കത്ത് വിവാദത്തിന്‍്റെ പശ്ചാത്തലത്തില്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബിജെപി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. നിയമന പട്ടിക ഇനിയും പുറത്ത് വരുമെന്നും മേയര്‍ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

നഗരസഭയ്ക്കകത്ത് യുഡിഎഫ് കൗണ്‍സിലര്‍മാരുടെയും പുറത്ത് യൂത്ത് കോണ്‍ഗ്രസിന്‍്റെയും സമരം ഇന്നും പുരോഗമിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. തുടര്‍ച്ചയായ പ്രതിപക്ഷ സമരം നഗരസഭയിലെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനെതിരെ പ്രചരണം നടത്താന്‍ സിപിഐഎം തീരുമാനിച്ചത്.

Related News