പി.ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി

  • 21/11/2022

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കാറ്റില്‍ പറത്തി സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. ഈ മാസം 17നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ വ്യവസായ വകുപ്പിന്റെ അനുമതി.


ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ അനുമതി വ്യവസായ മന്ത്രി പി. രാജീവാണ് ലഭ്യമാക്കിയത്. രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നുള്‍പ്പെടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതെന്നാണ് വിശദീകരണം.

സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ധനകാര്യ വകുപ്പ് നേരത്തെ തന്നെ തടയിട്ടിരുന്നു. സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ ഈ മാസം 9ന് ധനവകുപ്പ് ഒരു വര്‍ഷത്തേക്ക് കൂടി സാമ്ബത്തിക നിയന്ത്രണങ്ങള്‍ നീട്ടി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

Related News