രാജ്ഭവനില്‍ 20 പേരെ സ്ഥിരപ്പെടുത്തണം; ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

  • 21/11/2022

രാജ്ഭവനില്‍ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. രാജ്ഭവനില്‍ കുടുംബശ്രീ മുഖേന നിയമിതരായ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്താണ് പുറത്തായത്.


അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം സേവനമുള്ളവരെയാണ് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ കത്തയച്ചത്. ഇതുകൂടാതെ രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്കുമാര്‍.പി എന്ന വ്യക്തിയെ ദീര്‍ഘകാലത്തെ സേവനകാലാവധി പരിഗണിച്ച്‌ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സൈഫര്‍ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യണമെന്നും ഗവര്‍ണ്ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

27800-59400 രൂപ ശമ്ബള സ്‌കെയിലിലാണ് ദിലീപ്കുമാറിന് ഗവര്‍ണ്ണറുടെ താത്പര്യപ്രകാരം നിയമനം നല്‍കിയത്. സര്‍ക്കാരിനെതിരെ പിന്‍വാതില്‍ നിയമനമെന്ന ആരോപണം ഉന്നയിക്കുന്ന ഗവര്‍ണര്‍ തന്നെ 20 പേര്‍ക്ക് സ്ഥിരനിയമനം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചിരിക്കുകയാണ്.

Related News