കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതില്‍ ആരും വിലക്കിയിട്ടില്ല: ശശി തരൂര്‍

  • 21/11/2022

കോഴിക്കോട്: കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതില്‍ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍. വിലക്ക് വിവാദമായത് അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂര്‍, ഇതേക്കുറിച്ച്‌ രാഘവന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂര്‍ പറഞ്ഞു.


കോണ്‍ഗ്രസില്‍ പുതിയ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് വിലക്ക് വിവാദം. ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ മുരളീധരന്റെ പരാമര്‍ശം വിവാദം കടുപ്പിച്ചു. വിഷയത്തില്‍ തന്റെ കൈയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. വിവാദം മുറുകിയതോടെ പരസ്യ പ്രതികരണങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് വിലക്കേ‍ര്‍പ്പെടുത്തി.

കെ സുധാകരന്‍, വിഡി സതീശന്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ മുരളീധരന്‍ പ്രതികരിച്ചതോടെ തരൂരിനെ വിലക്കിയ വിവാദം മുറുകി. മുഖ്യമന്ത്രി കുപ്പായം തുന്നിയവരാണ് വിലക്കിന് പിന്നിലെന്ന് മുരളീധരന്‍ പറഞ്ഞതോടെ സതീശനും സുധാകരനും വെട്ടിലായി. നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.

Related News