68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്തു; വ്ലോഗര്‍മാരായ ദമ്പതികള്‍ അറസ്റ്റില്‍

  • 21/11/2022

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് തൃശ്ശൂരിലെ വാടകവീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

യുട്യൂബ് വ്‌ലോഗര്‍മാരാണ് ഇവര്‍. മറ്റ് സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും വ്യാപാരിയുമായ 68കാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. ഇരുവരും ഫേസ്ബുക്കില്‍ സുഹ്യത്തുക്കളാവുകയും അടുപ്പത്തിലാകുകയും ചെയ്തു

ഇയാളെ റാഷിദ ഇടക്കിടെ ക്ഷണിച്ചു വരുത്തുകയും ചെയ്തു. പിന്നീട് ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്ന ആവശ്യവുമായാണ് പണം കൈക്കലാക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ആലുവയിലെ ഫ്ലാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതിക്കുമെന്നുമാണ് റാഷിദ പറഞ്ഞിരുന്നത്. 

ആലുവയിലെ ഫ്ലാറ്റിലെത്തിയ 68കാരന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ദമ്പതികള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് 23 ലക്ഷം രൂപ തട്ടിയെടുത്തത്. 68കാരന്‍റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് ഹണി ട്രാപ്പിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  
 
 

Related News