കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

  • 21/11/2022

കായംകുളം: അമിത വേഗത്തില്‍ അലക്ഷ്യമായി ഓവർ ടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. കായംകുളം എസ്.എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയിൽ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമമാണ് മരിച്ചത്.

കായംകുളത്തേക്ക് വരികയായിരുന്ന സുമം. തട്ടാരമ്പലം റോഡിൽ തട്ടാവഴി ജങ്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കായംകുളത്തേക്ക് വരികയായിരുന്ന സുമത്തിനെ പിന്നാലെ വന്ന ബസ് മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

അധ്യാപിക ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറിയിറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങിയോടി. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Related News