കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം, നാട്ടുകാര്‍ ആശങ്കയില്‍

  • 21/11/2022

പത്തനംതിട്ട: പത്തനംതിട്ടയിലെ കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. നാട്ടുകാര്‍ പുലിയെ കണ്ടതായാണ് പറയുന്നത്. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. 

ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ പോലൊരു ജീവി പാഞ്ഞുപോകുന്നത് കണ്ടത്. ഇതിന് അൽപ്പം മാറി മറ്റൊരാളും പുലിയെ കണ്ടെന്ന് പറയുന്നു. ഇവിടെ കാൽപ്പാടുകളുമുണ്ട്. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. അതിന് ശേഷം മാത്രമേ സംഭവത്തിന് സ്ഥിരീകരണം ഉണ്ടാകൂ. 

വനത്തിൽ നിന്ന് 300 മീറ്റർ മാറി മാത്രമാണ് കുടപ്പാറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുലിക്ക് സമാനമായ കാട്ടുപൂച്ചയെ ആണോ നാട്ടുകാര്‍ കണ്ടതെന്ന കാര്യത്തില്‍ വനംവകുപ്പിന് സംശയമുണ്ട്. പുലി പോലെയുള്ള ജീവികൾ നേരത്തെ ഇവിടെ ഇറങ്ങിയിട്ടില്ല. പുലിയെ കണ്ടെന്ന സംശയം ഉയര്‍ന്നതിന്‍റെ ആശങ്കയിലാണ് നാട്ടുകാർ.  

Related News