ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്; ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി

  • 21/11/2022

ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് ഗവർണറെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് രാജ്ഭവന്റെ വിലയിരുത്തൽ. നിയമനങ്ങൾക്കായി ഗവർണർ വഴിവിട്ട് ഇടപെട്ടെന്ന് തെളിയിക്കാനാണ് ഇടതുപക്ഷ മുന്നണിയുടെ ശ്രമം. രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2020 ഡിസംബർ 29നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് അധികൃതർ പുറത്തുവിട്ടിരുന്നു. മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്ന പ്രശ്‌നം ദേശീയ തലത്തിൽ ഉന്നയിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.

ഇതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി. അടുത്താഴ്ചയോടെ ബിൽ തയാറാവും. സമാനസ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. 

സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാൻ സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും ചെലവ് കണ്ടെത്തുക.കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ തയാറാക്കാൻ മന്ത്രിസഭ നൽകിയ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പ് നടപടികളിലേക്ക് കടന്നത്.

Related News