കൊച്ചി കൂട്ടബലാത്സംഗം; പ്രതി ഡിംപിളിന് വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകര്‍, ആളൂര്‍ എത്തിയത് വക്കാലത്ത് ഇല്ലാതെ

  • 22/11/2022

കൊച്ചി: കൊച്ചിയില്‍ മോഡലായ 19കാരിയെ ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചത്. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 

പ്രതികളുടെ ഫോൺ ഉള്‍പ്പെടെ വരും ദിവസങ്ങളിൽ പരിശോധിക്കും. നവംബര്‍ 26 വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാമ്പ(ഡോളി) എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം രാജസ്ഥാൻ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകർ ഒരേസമയം ഹാജരായതോടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിലാണ് കോടതിക്കുള്ളിൽ വാക്കേറ്റം ഉണ്ടായത്. അഫ്സലിനോടു കോടതിയിൽ മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ ആളൂർ പറഞ്ഞു. ബഹളംവയ്ക്കാൻ ഇതു ചന്തയല്ല എന്നായിരുന്നു മജിസ്ട്രേട്ടിന്റെ പ്രതികരണം. താൻ അഫ്സലിനെയാണ് വക്കാലത്ത് ഏൽപിച്ചതെന്നു ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂര്‍ പിന്‍വാങ്ങി. 

പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. പരാതിക്കാരിക്ക് മദ്യം വാങ്ങിനല്‍കി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്. ഹോട്ടലിന് പുറത്ത് പാര്‍ക്കിങ് ഏരിയയില്‍വെച്ചും വാഹനത്തില്‍വെച്ചും ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. 

 

Related News