ലിവിങ് ടുഗെതര്‍ പങ്കാളിയെ വെട്ടിനുറുക്കി കൊലപ്പെടുത്തി; തല മാലിന്യ കൂമ്പാരത്തില്‍, കൈകാലുകള്‍ ഫ്രിഡ്ജിൽ, പ്രതി അറസ്റ്റില്‍

  • 25/05/2023


ഹൈദരാബാദ്: ഹൈദരാബാദില്‍ ലിവിങ് ടുഗെതര്‍ പങ്കാളിയായ സ്ത്രീയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍.  ബി ചന്ദ്രമോഹൻ (48) എന്നയാളാണ് പിടിയിലായതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ യെരം അനുരാധ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. 

മേയ് 12-ാം തീയതിയാണ് ചന്ദ്രമോഹന്‍ അനുരാധയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അനുരാധയില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ ചന്ദ്രമോഹന്‍ പലപ്പോഴായി വാങ്ങിയിരുന്നു. ഇത് അനുരാധ തിരിച്ചുചോദിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 17-ാം തീയതി നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ ഒരു സ്ത്രീയുടെ തല ശുചീകരണത്തൊഴിലാളികള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് നടത്തിയ  വിശദമായ അന്വേഷണത്തിലാണ് ചന്ദ്രമോഹനാണ് പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയത്. 

ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പ്രതി ചന്ദ്രമോഹനും അനുരാധയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. തന്റെ വീടിനോട് ചേര്‍ന്നാണ് പ്രതി സുഹൃത്തായ സ്ത്രീയെയും താമസിപ്പിച്ചിരുന്നത്. കൊലപാതകം നടത്തിയ ദിവസം ഉച്ചയ്ക്ക് ശേഷം അനുരാധയുമായി പ്രതി മനഃപൂര്‍വം വഴക്കുണ്ടാക്കി. ഇതിനുപിന്നാലെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനുരാധയെ കുത്തിവീഴ്ത്തി. നെഞ്ചിലും വയറിലും ഉള്‍പ്പെടെ കുത്തേറ്റ അനുരാധ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാല പ്രതി ഒരു കട്ടിങ് മെഷീന്‍ വാങ്ങിയിരുന്നു. ഈ മെഷീന്‍ ഉപയോഗിച്ചാണ് മൃതദേഹം പല കഷണങ്ങളായി വെട്ടിമാറ്റിയത്. 

അറുത്തുമാറ്റിയ തല ഒരു പ്ലാസ്റ്റിക് കവറിലാക്കി. ശേഷം കൈകാലുകൾ വെട്ടിമാറ്റി ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ബാക്കി ശരീരഭാഗം വലിയ സ്യൂട്ട്‌കേസിലേക്കും മാറ്റി. വിവിധസമയങ്ങളിലായി ഇവയെല്ലാം ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ ഡെറ്റോള്‍, ചന്ദനത്തിരി, കര്‍പ്പൂരം, പെര്‍ഫ്യൂം തുടങ്ങിയവയെല്ലാം പ്രതി ഉപയോഗിച്ചു. 

കൊലപാതകത്തിന് ശേഷം അനുരാധയുടെ മൊബൈല്‍ഫോണ്‍ കൈക്കലാക്കിയ പ്രതി ഇവര്‍ പതിവായി സന്ദേശം അയച്ചിരുന്നവരോടെല്ലാം അനുരാധയാണെന്ന പേരില്‍ ഇയാള്‍ ചാറ്റ് ചെയ്തു. അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായാണ് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി പ്രതി ഇതെല്ലാം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

Related News