പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ്

  • 25/05/2023

ബെംഗളുരു : പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ്. ചടങ്ങില്‍ എച്ച്‌ ഡി ദേവഗൗഡ പങ്കെടുക്കും. ബിജെപിയുടെയോ ആര്‍എസ്‌എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കല്ല, രാജ്യത്തിന്റെ സമ്ബത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താൻ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതില്‍ വ്യക്തിതാത്പര്യം ഇല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.


തിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ ബിഎസ്‌പി അധ്യക്ഷ മായാവതി നേരത്തേ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ലെന്നാണ് മായാവതിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവര്‍ക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും മായാവതി പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് 20 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറൻസ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി, എംഡിഎംകെ അടക്കം 19 പാര്‍ട്ടികള്‍ ഇതുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. ബിആര്‍എസ് പാര്‍ട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ അഞ്ച് പാര്‍ട്ടികള്‍ ചടങ്ങിനെത്തും.

Related News