ചൂട് സഹിക്കാനായില്ല; പാര്‍ക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം

  • 26/05/2023

ഹൈദരാബാദ്: പാര്‍ക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. കര്‍ണാടകയിലെ ഷബാദ് മണ്ഡല്‍ സ്വദേശിയായ കവിത(22)യുടെ മകളായ ലക്ഷ്മിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്‌മെന്റിലാണ് അപകടമുണ്ടായത്. ചൂട് സഹിക്കാനാകാതെ കെട്ടിട സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയതാണ് കുഞ്ഞ്. 

കവിത കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മകള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ അപകടത്തില്‍പ്പെട്ടത്. നിലത്ത് തുണി വിരിച്ചാണ് കുഞ്ഞിനെ കിടത്തിയത്. അധികം വൈകാതെ കുഞ്ഞ് ഉറങ്ങിപ്പോയി. നിലത്ത് കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഹയാത്ത്‌നഗര്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News